10:23pm 30 April 2026
NEWS
നേതൃമാറ്റം: ഇരു വിഭാഗവും അവലംബിക്കുന്നത് ഗൂഢതന്ത്രങ്ങൾ.
18/02/2026  11:37 AM IST
വിഷ്ണുമംഗലം കുമാർ
നേതൃമാറ്റം: ഇരു വിഭാഗവും അവലംബിക്കുന്നത് ഗൂഢതന്ത്രങ്ങൾ

 കർണാടകം: സംസ്ഥാനത്ത് നേതൃമാറ്റത്തിനായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ അനുയായികൾ തീവ്രപരിശ്രമം നടത്തുന്നുണ്ട്. ശിവകുമാറിന്റെ സഹോദരനും മുൻ എം പിയുമായ ഡി കെ സുരേഷാണ് രഹസ്യ നീക്കങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. ശിവകുമാർ പരസ്യമായി നേതൃമാറ്റ ആവശ്യം ഉന്നയിക്കുന്നില്ലെങ്കിലും അദ്ദേഹം ഹൈക്കമാണ്ടിൽ നിരന്തരം സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇനി അധികം കാത്തുനിൽക്കേണ്ടി വരില്ലെന്ന് സോണിയാഗാന്ധി ഉറപ്പുനല്കിയതായി സൂചനയുണ്ട്. ശിവകുമാറിന്റെ പ്രസ്താവനകൾ സൂക്ഷ്മമായി പരിശോധിച്ചാൽ ആ ആത്മവിശ്വാസത്തിന്റെ തിളക്കം വായിച്ചെടുക്കാനാവും. എന്നാൽ നേതൃമാറ്റമുണ്ടാകുമെന്ന് ഹൈക്കമാണ്ടോ മുഖ്യമന്ത്രി സിദ്ധരാമയ്യയോ ശിവകുമാറോ തുറന്നുപറയുന്നില്ല. സ്ഥാനമൊഴിയാൻ സിദ്ധരാമയ്യ ഒരുക്കമല്ലെന്നാണ് അദ്ദേഹത്തിന്റെ മകൻ യതീന്ദ്രയുടെയും സാമൂഹ്യ ക്ഷേമമന്ത്രി മഹാദേവപ്പയുടെയും പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ആർക്കും ഹൈക്കമാണ്ടിനെ സമ്മർദ്ദത്തിലാക്കാനാവില്ലെന്നാണ് മഹാദേവപ്പ
പ്രസ്താവിച്ചത്. സിദ്ധരാമയ്യയ്‌ക്ക് അനുകൂലമായ നീക്കങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് യതീന്ദ്രയും മഹാദേവപ്പയുമാണ്. ഭൂരിപക്ഷം കോൺഗ്രസ്സ് എംഎൽഎമാരും ആഗ്രഹിക്കുന്നത് ശിവകുമാർ മുഖ്യമന്ത്രിയാകാനാണെന്ന് രാമനഗര എംഎൽഎ പരസ്യമായി പ്രഖ്യാപിച്ചിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് യതീന്ദ്രയും മഹാദേവപ്പയും ആവശ്യപ്പെട്ടിരുന്നു. പിസിസി അധ്യക്ഷ പദവി കൂടി വഹിക്കുന്ന ശിവകുമാറാണ് നടപടി എടുക്കേണ്ടത്. അതുണ്ടായില്ല. ബജറ്റിന് മുമ്പായി ഈ മാസാവസാനം കോൺഗ്രസ്സിന്റെ നിയമസഭാകക്ഷി യോഗം വിളിപ്പിക്കാനാണ് ശിവകുമാർ ശ്രമിക്കുന്നത്. എന്നാൽ സിദ്ധരാമയ്യ പക്ഷം ആ ശ്രമങ്ങളെല്ലാം പുത്തൻ തന്ത്രങ്ങളിലൂടെ പരാജയപ്പെടുത്തുകയാണ്. സിദ്ധരാമയ്യയെ പിന്തുണക്കുന്ന ഇരുപത്തേഴ്‌ എംഎൽഎമാരും എംഎൽ സിമാരും വിദേശയാത്രയിലാണ്. മൃഗ സംരക്ഷണ മന്ത്രി കെ. വിശ്വനാഥ് ആണ് ജനപ്രതിനിധികളുടെ വിദേശയാത്ര സ്പോൺസർ ചെയ്യുന്നത്. സിദ്ധരാമയ്യയുടെ വിശ്വസ്തനായ അദ്ദേഹം പക്ഷെ യാത്രാസംഘത്തിലില്ല. അടുത്തമാസം മൂന്നിനെ വിദേശ യാത്രാസംഘം തിരിച്ചെത്തുകയുള്ളൂ. നിയമസഭാ കക്ഷിയോഗം വിളിപ്പിക്കാനുള്ള ശിവകുമാറിന്റെ ശ്രമം വിജയിക്കില്ലെന്ന് ചുരുക്കം.നേതൃമാറ്റ തീരുമാനം മുഖ്യമന്ത്രി തന്നെ പ്രഖ്യാപിക്കുമെന്നാണ് ശിവകുമാർ വ്യക്തമാക്കിയത്.  "മുഖ്യമന്ത്രിയ്ക്കും ഹൈക്കമാണ്ടിനും എനിക്കും തമ്മിൽ ചില ധാരണകളുണ്ട്. അതെന്താണെന്ന് ഉചിതസമയത്ത് മുഖ്യമന്ത്രി തന്നെ പറയും" നേതൃമാറ്റം ഉണ്ടാകുമെന്ന സൂചനയോടെ ശിവകുമാർ വ്യക്തമാക്കി. എന്നാൽ സ്ഥാനമൊഴിയാനുള്ള സന്നദ്ധത സിദ്ധരാമയ്യ ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. ഹൈക്കമാണ്ട് എന്ത് നിർദ്ദേശിച്ചാലും അതനുസരിക്കുമെന്ന നിലപാടാണ് അദ്ദേഹം ആവർത്തിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img